P.P. Rafeena / പി.പി. റഫീന

    Author Image കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി. ചെറുപ്പം മുതലേ എഴുത്തിലും വരയിലും താല്‍പര്യം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത പത്രത്തില്‍ അച്ചടിച്ചുവരുന്നത്. ആദ്യ കവിതാസമാഹാരമായ 'ഇനിയും വരാത്ത കവിത' പ്രസിദ്ധീകരിച്ചത് പത്താം ക്ലാസില്‍ വെച്ചാണ്. പ്രശസ്ത ഗാനരചയിതാവും കവിയുമായ പി.കെ. ഗോപി ആയിരുന്നു പ്രകാശനം ചെയ്തത്. അന്ന് റഫീനയെ സപ്പോര്‍ട്ട് ചെയ്യാന്‍ സ്കൂളിലെ അധ്യാപകരും കൂട്ടുകാരും കുടുംബവുമൊക്കെയായി ഒരു ഓഡിറ്റോറിയം നിറയെ ആളുകളുണ്ടായിരുന്നു. 2008-ല്‍ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങുന്ന സമയത്താണ് സംസ്ഥാന സര്‍ക്കാറിന്റെ ശിശുക്ഷേമസമിതി അവാര്‍ഡ് തേടിയെത്തിയത്. സംസ്ഥാന അവാര്‍ഡ് കൂടാതെ മാധ്യമം ലിറ്റററി ഫെസ്റ്റ് അവാര്‍ഡ്, ചിലങ്ക അവാര്‍ഡ്, അറ്റ്ലസ് കൈരളി പുരസ്കാരം. എന്‍.ജി.ഒ അസോസിയേഷന്‍, എസ്.ഐ.ഒ, ജി.ഐ.ഒ, സോളിഡാരിറ്റി, ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം, എം.ഐ.യു.എം.എല്‍, പോപ്പുലര്‍ ഫ്രണ്ട്, തുടങ്ങി ഒട്ടനവധി ഉപഹാരങ്ങളും പുരസ്കാരങ്ങളും റഫീനയെ തേടിയെത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ട് എഴുത്തുകാരനായ തായിനേരി അസീസിന്റെ വീട്ടില്‍വെച്ച് സിനിമാതാരം സിദ്ദീഖ് അദ്ദേഹത്തിന് ലഭിച്ച ഉപഹാരം റഫീനയ്ക്ക് കൈമാറുകയുണ്ടായി. 2009 - ല്‍ പുറത്തിറക്കിയ ആദ്യ കഥാസമാഹാരമായ 'അനാട്ടമി ഓഫ് ഫ്രോഗ്' അവാര്‍ഡിന് അര്‍ഹമായി. കഥാസമാഹാരത്തിന്റെ പ്രകാശന വേദിയില്‍ത്തന്നെ റഫീനയുടെ ഒരു ഒരു ചിത്രപ്രദര്‍ശനവും നടന്നു. കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ 'ക്യാന്‍വാസ് സ്‌കാര്‍ഫ്' എന്ന പേരില്‍ ജി.ഐ.ഒ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഒരു പെരുന്നാള്‍ ദിനത്തില്‍ സോളിഡാരിറ്റിയുമായി കൈകോര്‍ത്ത് ഗസ്സ വരകളുടെ പ്രദര്‍ശനവും നടന്നു. 'പുല്‍ച്ചാടിയുടെ സ്വപ്‌നം', 'ചെന്നായക്കൂട്ടം' എന്നീ കവിതാ സമാഹാരങ്ങളും ആരിഫ് അലിയുമായി ചേര്‍ന്ന് 'നെറയെ നെറയെ നെറയെ കവിത' എന്ന ബാലസാഹിത്യവും റഫീനയുടേതായി വന്നു. പ്രശസ്ത ചിന്തകന്‍ കെ.ഇ.എന്‍ ആണ് റഫീനയുടെ രണ്ടാമത്തെ കവിതാസമാഹാരമായ 'പുല്‍ച്ചാടിയുടെ സ്വപ്നം' പ്രകാശനം ചെയ്തത്. ചിത്രകലയില്‍ പ്രത്യേക പരിശീലനം നേടിയിട്ടില്ലെങ്കിലും വരക്കാന്‍ വലിയ ഇഷ്‌ടമാണ് റഫീനക്ക്. വരയിലെ തെറ്റുകള്‍ തിരുത്തി സഹായിക്കുന്നത് പ്രവാസി ചിത്രകാരന്‍ ജലാല്‍ അബു സാമ ആണ്. അടുത്തിടെ വ്യവസായി എം.എ യൂസഫലി, തുര്‍ക്കിഷ് ഷെഫ് കസിന്‍ ബുറാക്ക്, കേരള ബ്ലാസ്റ്റേഴ്സ് പ്ലെയര്‍ സഹല്‍, തിലാല്‍ ജന്റ്സ് ഫാഷന്‍ എം ഡി സലാം ചൊക്ലി, മമ്മൂട്ടി എന്നിവരെ വരച്ച ചിത്രങ്ങള്‍ നേരിട്ട് കൈമാറുകയുണ്ടായി. എഴുത്തില്‍, ഉപ്പാപ്പ മീത്തലെ പുഴയില്‍ മുഹമ്മദ് കുഞ്ഞിയും വരയില്‍ ഭര്‍ത്താവ് ആരിഫുമാണ് റഫീനയുടെ പ്രചോദനം. മകന്‍ ആറുവയസ്സുകാരന്‍ അഹ്യാന്‍ അലിയും വരയുടെ പാത പിന്തുടരുന്നു. നിലവില്‍ ദുബൈ റിച്ച് ഇന്റര്‍നാഷനലില്‍ ഗ്രാഫിക് ഡിസൈനറാണ് റഫീന. ഇനിയും വരാത്ത കവിത (സംസ്ഥാന ശിശുക്ഷേമസമിതി അവാര്‍ഡ്), അനാട്ടമി ഓഫ് ഫ്രോഗ് (കഥാസമാഹാരം, ചിലങ്ക അവാര്‍ഡ്), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതാസമാഹാരം), നെറയെ നെറയെ നെറയെ കവിത (കവിതാസമാഹാരം), ചെന്നായക്കൂട്ടം (കവിതാസമാഹാരം) എന്നിവയാണ് കൃതികള്‍. ഭര്‍ത്താവ് : ആരിഫ് അലി കെ (ദുബൈയില്‍ വര്‍ത്ത് ഗള്‍ഫില്‍ സെയില്‍സ് കണ്‍സല്‍ട്ടന്റ്) മകന്‍ : അഹ്യാന്‍ അലി (പ്രോഗ്രസ്സിവ് ഇംഗ്ലീഷ് സ്കൂള്‍, ഗ്രേഡ് 1 വിദ്യാര്‍ത്ഥി) Contact: rafeenapp99@gmail.com +971502128627 YouTube : It'z Me Rafeena Arif Instagram : itzme_rafeena_arif