thumb

അക്ഷരങ്ങൾ കൊണ്ട് അകം കഴുകുന്ന ആർദ്രതയാണ് മെഹദ് മഖ്ബൂലിൻ്റെ 'ആയതിനാൽ അവസാനത്തെ മനുഷ്യൻ ഒറ്റക്കാവില്ല'

വായനയ്ക്ക് മനുഷ്യൻ്റെ ഹൃദയത്തോട് ചെയ്യാൻ കഴിയുന്ന നന്മകളൊക്കെയും ചേർന്ന അനുഭവമാണത്. -Shahla Perumal എഴുതുന്നു.

 

അക്ഷരങ്ങൾ കൊണ്ട് അകം കഴുകുന്ന ആർദ്രതയാണ് മെഹദ് മഖ്ബൂലിൻ്റെ 'ആയതിനാൽ അവസാനത്തെ മനുഷ്യൻ ഒറ്റക്കാവില്ല'എന്ന പുസ്തകം. വായനയ്ക്ക് മനുഷ്യൻ്റെ ഹൃദയത്തോട് ചെയ്യാൻ കഴിയുന്ന നന്മകളൊക്കെയും ചേർന്ന അനുഭവമാണത്.

ഈ പുസ്തകം വായിച്ചു തീർന്നൊരാൾക്ക് പിന്നീട് ഏതവസ്ഥയിലും ജീവിതത്തോട് പുഞ്ചിരിക്കാതിരിക്കാനാവുകയേ ഇല്ല. പിന്നെ, പക വീട്ടാനും അസൂയപ്പെടാനും മറ്റൊരാളെ ഉപദ്രവിക്കാനും ലോകം വെട്ടിപ്പിടിക്കാനും നമുക്ക് ലജ്ജ തോന്നും, അനീതിക്കെതിരെ മിണ്ടാതിരിക്കാൻ കാരണങ്ങൾ ഇല്ലാതെയാവും, ലോകത്തോട്, മനുഷ്യനോട് , ചുറ്റുപാടിനോട് സ്നേഹം മാത്രം തോന്നും.

പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമാണിത്. പല ഭാഷകളിലെ ,പല കാലങ്ങളിലെ, അനേകങ്ങളായ എഴുത്തുകളെക്കുറിച്ച് ഏറ്റവും മനോഹരമായി പറയുന്നുണ്ട്. പക്ഷേ, നീണ്ടു നീണ്ട നിരൂപണങ്ങളോ ആഖ്യാന പഠനങ്ങളോ നിങ്ങൾ പ്രതീക്ഷിക്കരുത്. എങ്കിലും അവസാനം ഒന്നല്ല, അനവധി വായനകളുടെ ആകത്തുക തന്നെയാണ് ഈ കൊച്ചു പുസ്തകം. ചരിത്രത്തിലൂടെയും യാത്രാനുഭവങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും സിദ്ധാന്തങ്ങളിലൂടെയുമെല്ലാം വായനക്കാരൻ കടന്നു പോവുന്നുണ്ട്. പുസ്തകങ്ങളുടെയൊരു ചിത്രപ്രദർശനം പോലെ.. അതുകൊണ്ടുതന്നെ അത്രയധികം അറിവും നിറവുമുണ്ടിതിൽ.. അക്ഷരങ്ങളാണ്, അറിവാണ്, വായനയാണ് ഏറ്റവും നല്ല കൂട്ടുകാർ എന്ന് തിരിച്ചറിയുമ്പോൾ അന്നോളം എഴുതപ്പെട്ട എല്ലാ പുസ്തകങ്ങളുടെയും കൂട്ടുകിട്ടാൻ ഭാഗ്യം ചെയ്ത ഈ ലോകത്തിലെ അവസാനത്തെ മനുഷ്യനോട് ശരിക്കും കുശുമ്പ് തോന്നിപ്പിക്കുന്നുണ്ട് എഴുത്തുകാരൻ. മിഠായി നുണയും പോലൊരു മധുര വായന തന്നതിന് നന്ദി ♥️

0 Comments
Leave A Comments