ഒടുവില്‍ ഉള്ളിലെവിടെയോ ഒരു തിരി വെളിച്ചം തെളിയുന്നു - കായല്‍
ആഗസ്റ്റ് ലക്കം ആരാമം മാസികയിൽ കായൽ എഴുതുന്നു.
വായനയെ നിര്‍വ്വചിക്കാനൊക്കുമോ? വായനയെന്നാല്‍ തിരിച്ചറിവാണോ? അതോ കാണാത്ത ദേശവും കേള്‍ക്കാത്ത കഥകളും കടന്നുള്ള സഞ്ചാരമോ? വായന ഇനിയും വാക്കുകള്‍ക്കപ്പുറമുള്ള എന്തോ ഒന്ന് തന്നെയല്ലേ..?
വായനക്ക് ഒരു സുഖമുണ്ട്. വായിക്കുന്നവന് മാത്രമറിയാവുന്ന ഉള്ളം നിറയുന്ന ഒരു സുഖം. മെഹദ് മഖ്ബൂലിന്റെ 'ആയതിനാല്‍ അവസാനത്തെ മനുഷ്യന്‍ ഒറ്റക്കാവില്ല' എന്ന പുസ്തകം താന്‍ വായിച്ചറിഞ്ഞ ദേശത്തേക്കും കഥകളിലേക്കും കഥാപാത്രങ്ങളിലേക്കും കൂട്ട് കൊണ്ടു പോവുകയാണ്. പുസ്തകങ്ങളുടെ വിശാലമായ ആ ഭൂമികണ്ട് തീര്‍ച്ചയായും നമ്മള്‍ വിസ്മയം വെക്കും.
വായനയെന്നാല്‍ തന്റെ വായനാമുറിയിലിരുന്ന് ലോകം ചുറ്റിക്കാണാനുതകുന്ന ഒന്നാണെന്ന് ജുംപാ ലാഹ്രി പറഞ്ഞിട്ടുണ്ട്.
വായനയെപ്പറ്റിയുള്ള പുസ്തകങ്ങളാവുമ്പോള്‍ നമ്മള്‍ സഞ്ചരിക്കുന്നത് ഒരുപാട് പുസ്തകങ്ങളിലേക്കും വൈവിധ്യമാര്‍ന്ന ആശയലോകത്തേക്കുമാണ്.
ഒറ്റ പുസ്തകത്തില്‍ എന്തെല്ലാം തരം ലോകങ്ങള്‍!
വായിക്കുന്നവന്റെ ഉള്ളകങ്ങളെത്ര കൗതുകം നിറഞ്ഞതായിരിക്കും എന്നതിശയിച്ചിട്ടുണ്ടോ? കാലങ്ങളിന്നോളം അവന്‍ വായിച്ച കഥകളും കഥാപാത്രങ്ങളും തീര്‍ക്കുന്ന അല്‍ഭുത ലോകം. അത്തരത്തിലുള്ള അല്‍ഭുത ലോകത്തിലേക്കുള്ള യാത്രയാണ് ആ പുസ്തകത്തിന്റെ വായനാനുഭവം.
മെഹദ് മഖ്ബൂലിന്റെ ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മളും കാടകങ്ങളിലേക്ക് കയറും, ചോരക്കാലിയെന്ന മരത്തെയും കടുവ മാന്തിയ പാടും കാണും. പൂക്കളെയും പൂമ്പാറ്റകളെയും കാണും. ഷ്‌ലാമോ കാലോന്റെ കഥ വായിച്ച് നമ്മള്‍ തന്നെയോ കുരിശ് ചുമന്ന ജനതയെന്ന് ഒരു നേരം വിചാരിക്കും. ആഭ്യന്തര യൂദ്ധം മൂലം സ്വന്തമായിരുന്നതെല്ലാം നഷ്ടപ്പെട്ട് കൈയില്‍ ശേഷിച്ച ജീവിതവും കൊണ്ട് വാരിയെടുത്തോടുന്നവരുടെ കഥകള്‍ പറയുന്ന അത്വിയ അബവിയെ വായിച്ച് നൊന്ത് നീറും.
നമ്മുടെ ജീവിതത്തിന്റെ ശാന്തതയോര്‍ത്ത് അറിയാതെ നെടുവീര്‍പ്പുയരും. ഈ പുസ്തകം പതിയെ നമ്മുടെ ചെവിയിലോതുന്നത് നമ്മളറിയാതെ പതിക്കാന്‍ ഇടവരുന്ന അജ്ഞതയുടെ ഗര്‍ത്തങ്ങളെ കുറിച്ചാണ്.
അത്രമാത്രം വിശാലമായ ലോകത്തിന്റെ ഒരു കോണിലിരുന്ന് തന്നെ തോല്‍പ്പിക്കാനാരുണ്ട് എന്ന് ധരിച്ച് കിണറ്റിലെ തവളകളാകുന്നവരെ ശാസിക്കുകയും തിരുത്തുകയും ചെയ്യുന്നു ഈ പുസ്തകം.
വായിച്ചവന്റെ എഴുത്തുകള്‍ നമ്മിലെ ഇരുട്ടുകളെയും വകഞ്ഞ് മാറ്റി വെളിച്ചം കത്തിക്കുന്നു. നിരന്തരം വായിച്ചു കൊണ്ടേയിരിക്കണം എന്ന് ഈ പുസ്തകം നമ്മോട് നിരന്തരം ചൊല്ലിക്കൊണ്ടേയിരിക്കുന്നു.
ഒരധ്യായത്തില്‍ കമലാസുരയ്യയെ കടഞ്ഞെടുത്ത് വെച്ചിരിക്കുന്നു. സ്‌നേഹത്തിന് വേണ്ടി നിരന്തരം കലഹിച്ച കമലാസുരയ്യ. ഞാന്‍ വൃദ്ധയാവുന്നത് സ്‌നേഹക്കപ്പെടാത്ത നിമിഷത്തിലാണെന്ന് പറഞ്ഞ, സ്‌നേഹമാണ് വസന്തമെന്ന് പറഞ്ഞ സുരയ്യ.
സൂര്യന് കുറുകെ പറന്ന കടല്‍പക്ഷിയെ കണ്ട്. അഗ്നിച്ചിറകുമായി പറന്ന അബ്ദുല്‍ കലാമിന്റെ ആ കാലവും പുസ്‌കതത്തില്‍ അക്ഷരമാവുന്നു. ചിറകുള്ള കലാമിനെ വായിക്കുമ്പോള്‍ നമ്മിലും അറിയാതെ ഊര്‍ജം ഉറവയെടുക്കുന്നു.
കണ്ട കാഴ്ചകള്‍ കൊണ്ട് തൃപ്തിപ്പെടാത്ത മനുഷ്യരുടെ സഞ്ചാര കഥകള്‍ കേട്ടിട്ടുണ്ടോ?
പുഴപോലെ ഒഴുകി പല നാടുകള്‍ താണ്ടി സഞ്ചാരം തന്നെ ജീവിതമാക്കിയവരെകുറിച്ച്..?
ത്ാനറിയാത്ത ഭാഷകള്‍, നാടുകള്‍, സംസ്‌കാരങ്ങള്‍, രുചികള്‍ എല്ലാം തേടി പുറപ്പെട്ടു പോകുന്നവരെ കുറിച്ചുള്ള എഴുത്തുകള്‍ നമ്മെ നവീകരിക്കുന്നുണ്ട്.
പല പല പുസ്തകങ്ങളെ കുറിച്ചുള്ള എഴുത്തുകള്‍ വായിക്കുമ്പോള്‍ നമ്മുടെ അകം വളരുന്നത് നാം അറിയും. വീടിന്റെ മതിലിനപ്പും കടന്ന് ചിന്തിക്കാന്‍ നാം ശീലിക്കും. ഒരു പക്ഷേ നമ്മള്‍ ഭൂമിയോളം വിശാലമാകാനും മതി. പുസ്തകങ്ങളുടെ ഒരു ഭൂമി തന്നെ ഇപ്പോള്‍ നമ്മുടെ ഉള്ളിലുണ്ടല്ലോ..
പുസ്തകം മുഴുവന്‍ വായിച്ചു തീരുമ്പോള്‍ ഇതുവരേക്കും എഴുതപ്പെട്ട പുസ്തകങ്ങള്‍ക്ക് നടുവിലിരിക്കുന്ന ആ അവസാനത്തെ മനുഷ്യന്‍ ഞാനായിരുന്നെങ്കിലെന്ന് അത്യഗാധമായി ആശിച്ചു പോകും.
0 Comments