thumb

ഉള്ളിൽ തളിർത്ത വായനകൾ അടുക്കി വെച്ചുണ്ടാക്കിയ പുസ്തകമാണ്

മെഹദ് മഖ്ബൂലിൻ്റെ 'ആയതിനാൽ, അവസാനത്തെ മനുഷ്യൻ ഒറ്റക്കാവില്ല'. -സത്താർ കുറ്റൂർ.

പുസ്തകങ്ങളുടെ ഭൂമികയെ കുറിച്ച് കൊതികൂട്ടുന്ന 33 ചെറു കുറിപ്പുകൾ.

ഒരു പാട് കാലങ്ങളിലേക്കും ജീവിതങ്ങളിലേക്കും നമ്മെ കൈ പിടിക്കുകയാണ് ഇവയെല്ലാം.

അവ ആഴ്ന്ന് താഴ്ന്ന് പോവുന്നത്

നമ്മൾ വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങളിലേക്ക്. ഇങ്ങനെ

നമ്മൾ പിന്നിട്ടതും എത്തിപ്പെടാൻ ആഗ്രഹിക്കുന്നതുമായ വായനാവഴിയിൽ

ഗ്രന്ഥകാരൻ നമുക്ക് കൂട്ടാവുന്നു.

'വായിക്കുന്നവൻ്റെ ആകാശത്തിന് വേണ്ടുവോളം വ്യാപ്തിയും വലുപ്പവും കാണും. അല്ലാത്തവന് അവനവൻ്റെ മേൽക്കൂര തന്നെയാവും ഏഴ് ആകാശവും'

എന്ന് പുസ്തകത്തിൻ്റെ തുടക്കത്തിലുണ്ട്.

ഇതിലെ ചെറു കുറിപ്പുകളിൽ ഒളിപ്പിച്ചിരിക്കുന്നത് വലിയ ലോകങ്ങളും വിവിധ പുസ്തകങ്ങളുമാണ്.

നല്ല വായനക്കാർക്ക്

പുസ്തകങ്ങളെ പറ്റി എത്ര വായിച്ചാലും മടുപ്പ് വരില്ല.

ബഷീർ, ഒ വി വിജയൻ, എൻ പി മുഹമ്മദ്, എം സുകുമാരൻ, എം എൻ വിജയൻ മാഷ്, മുകുന്ദൻ, പി കെ.പാറക്കടവ്, മുസഫർ അഹമ്മദ് തൊട്ട് ഇങ്ങേ അറ്റത്തെ ശിഹാബുദ്ദീൻ പൊയ്ത്തുംകടവും സുഭാഷ് ചന്ദ്രനും വരെയുള്ളവരുടെ പുസ്തകങ്ങൾ.

മലയാളത്തിന് പുറത്ത്

ഒർഹാൻ പമൂക്, ഡാൻ ബ്രൗൺ, ഖാലിദ് ഹൊസൈനി, ഷുസെ സരമാഗു, മാൻലിയോ അർഗ്യൂട്ട... തുടങ്ങി എത്രയോ എഴുത്തുകാർ.

ഒരു ചെറു പുസ്തകം കൊണ്ട് എഴുത്തിൻ്റെയും വായനയുടെയും വലിയൊരു ലോകം പണിയുകയാണ് ഗ്രന്ഥകാരൻ.

ഒരു പാട് കാലങ്ങളുടെയും ജീവിതങ്ങളുടെയും പക്വതയാണ് പരന്ന വായനകൾ നമുക്ക് സാധ്യമാക്കുന്നത്.

കാടും കടലും കണ്ട് വേവും വെയിലും കൊണ്ടുള്ള സഞ്ചാരമാണീ പുസ്തകം എന്ന് പുറം കവറിലൊരു വരിയുണ്ട്.

ഈ വേവും വെയിലും കൊള്ളാതെ ഏതൊരു വായനക്കാരനും പുസ്തകത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയില്ല.

കാടും കടലും കരയും കയറിയിറങ്ങുന്ന കുറിപ്പുകൾ.

കാട്ടിലെ സൂക്ഷ്മ ജീവികളെ വരെ പറഞ്ഞ് നമ്മുടെ നിസ്സാരതയെ ബോധിപ്പിക്കുന്നു.

കരയെ പറ്റി പറയുന്നിടത്തെല്ലാം നമ്മുടെ കാലത്തിൻ്റെ അസ്വസ്ഥതകളാണ് മുഴച്ച് നിൽക്കുന്നത്.

'അനിശ്ചിതത്വങ്ങളുടെ ഭൂമിയിൽ പാർക്കാത്തവരുടെ ഒരേ ദിവസങ്ങൾ' എന്ന കുറിപ്പ് തുടങ്ങുന്നത് മാൻലിയോ അർഗ്യൂട്ടയുടെ 'ജീവിതത്തിലെ ഒരു ദിവസം' ( One day of life) എന്ന നോവലിനെ കുറിച്ച് പറഞ്ഞാണ്.

ഒരു ദിവസം എന്നത് നമുക്കത്ര സംഭവമെന്നുമല്ല. അതിൻ്റെ വലിപ്പവും സൗന്ദര്യവും അനുഭവിക്കണമെങ്കിൽ നമ്മളല്ലാത്തവരുടെ ജീവിതം കാണണം.

അനിശ്ചിതത്വങ്ങളുടെ ഭൂമിയിൽ പിറക്കണം. തോക്കും ബോംബും ഏത് നേരവും അന്ത്യ ചുംബനം നൽകാൻ കാത്തിരിക്കുന്ന അസ്ഥിരതയിൽ വളരണം.

എല്ലാ പ്ലാനുകളും ഏറെ ലാഘവത്തോടെ നാളേക്ക് മാറ്റിവെക്കുന്നവരാണു നമ്മൾ. നമ്മുടെ മുമ്പിൽ നാളെകളിങ്ങനെ നീണ്ടു നിവർന്ന് കിടക്കുന്നത് കൊണ്ടാണത്.

അതില്ലാത്തവർക്ക് ഓരോ പ്രഭാതങ്ങളും വിലപ്പെട്ടതാണ്. ജീവിതത്തിലെ ഒരു ദിവസത്തിൻ്റെ പ്രാധാന്യമാണ് ഉളളിൽ തൊട്ട് ഈ കുറിപ്പ് പറഞ്ഞ് വെക്കുന്നത്.

യുദ്ധങ്ങളും, കെടുതികളും, അധിനിവേശങ്ങളും, അഭയാർത്ഥികളും, ഫാഷിസം ചമയ്ക്കുന്ന നുണകളും തുടങ്ങി വർത്തമാന കാലത്തിൻ്റെ അസ്വസ്ഥതകളും ആത്മ സംഘർഷങ്ങളുമാണ് പുസ്തകം വിഷയമാക്കുന്നത്.

ഗസ്സയുടെയും സിറിയയുടെയും ജീവിതം പറയുന്നിടത്ത് വായന കുറച്ച് നേരമെങ്കിലും ഉള്ള് നീറി മുറിഞ്ഞ് പോവും.

അത്രമേൽ വൈകാരികമാണ് മഖ്ബൂലിൻ്റെ വാക്കുകൾ.

ബീഫിൻ്റെ മണം പിടിച്ച് മനുഷ്യനെ പച്ചക്ക് തല്ലിക്കൊല്ലുന്ന സമകാലിക ഇന്ത്യൻ അവസ്ഥക്ക് താഴെ വിജയൻ മാഷെ ഓർമ്മിപ്പിക്കുന്നു.

'മൗനമാണ് ഫാഷിസത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണ്.

അതു കൊണ്ട് എവിടെയൊക്കെ മൗനമുണ്ടോ ആ മൗനത്തെ ഭേദിക്കുകയും എവിടെയൊക്കെ അയൽക്കാരുണ്ടോ അവരുമായി ബന്ധം സ്ഥാപിക്കുകയും എവിടെയൊക്കെ സദ്യകളും അടിയന്തിരങ്ങളും വിവാഹങ്ങളുമുണ്ടോ അവിടെയെല്ലാം ഇടകലരുകയും വേണം. സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും കൂട്ടായ്മയിലൂടെ മാത്രമെ ഫാഷിസത്തിനെതിരെ പോരാടാനാവൂ.

(എം എൻ വിജയൻ സമ്പൂർണ്ണ കൃതികൾ വാല്യം 3)

ഈ വാക്കുകൾക്കൊടുവിലാണ് വായന തീരുന്നത്.

അറിവിൻ്റെയും ആലോചനകളുടെയും തുറസ്സിലേക്ക് നമുക്ക് വഴികാട്ടുകയാണ് ഇതിലെ ഓരോ അധ്യായവും.

ഉള്ളിൽ കൊളുത്തിയിട്ട് പോവുന്ന വാക്കുകളുടെ സൗന്ദര്യമാണ് ഈ ചെറു പുസ്തകത്തിന്.

കൂര ബുക്സാണ് പ്രസാധകർ.

-----------------------------------------------

 

0 Comments
Leave A Comments