thumb

*പലവർണങ്ങളിലുള്ള വളപ്പൊട്ടുകൾ സൂക്ഷിച്ചു വെച്ചൊരു ചില്ലുകുപ്പി പോലെയാണ് മെഹദ് മഖ്ബൂലിന്റെ 'ആയതിനാൽ അ

അൽജാമിഅ വിദ്യാർത്ഥിനി തൂബ എഴുതുന്നു.

താൻ കഥാപാത്രമാകുന്ന കഥയിൽ നിന്നിറങ്ങി മറ്റൊരു കഥയ്ക്ക് സഹയാത്രികനാവാനുള്ള സന്നദ്ധതയാണ് ഓരോ വായനക്കാരന്റെയും സമ്പാദ്യം. അതുകൊണ്ടവൻ ഒരു നാളും തനിച്ചാവുന്നില്ല.

തനിക്കു കൂട്ടായവന് വായന നൽകുന്നതോ, കളങ്കമില്ലാത്ത കണ്ണും ഏറെ വിശാലമായൊരു മനസ്സും!

ഒടുവിൽ നമ്മുടെ ജീവിതവും വെറും കെട്ടുകഥ മാത്രമാണെന്ന് അറിയുന്ന മട്ടിൽ നാം വളരുന്നു... നമ്മുടെയുള്ളിലെ കുഞ്ഞ് സ്നേഹപൂർവ്വം ചിരിക്കാൻ തുടങ്ങുന്നു...

പലവർണങ്ങളിലുള്ള വളപ്പൊട്ടുകൾ സൂക്ഷിച്ചു വെച്ചൊരു ചില്ലുകുപ്പി പോലെയാണ് മെഹദ് മഖ്ബൂലിന്റെ 'ആയതിനാൽ അവസാനത്തെ മനുഷ്യൻ ഒറ്റക്കാവില്ല' എന്ന പുസ്തകം. ഇതിൽ നന്മയുള്ളൊരു ലോകത്തിനായുള്ള കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളുണ്ട്. കാലമേറുന്തോറും കൂടെ ഏറി വരുന്ന ചോരക്കൊതിക്കെതിരെയുള്ള അരിശപ്പെടലുകളുണ്ട്. തന്നെക്കൊണ്ടാവും വിധം ഈ ഭൂമിയിൽ ദേഷ്യവും പകയും അസൂയയും അഹങ്കാരവും കുറക്കാൻ തീരുമാനിക്കുന്ന ഓരോ ഒരുവനെയും കുറിച്ച്, നന്മയുടെ പര്യായമാകുന്നവരെക്കുറിച്ച്, എനിക്കെന്തറിയില്ല എന്ന തിരിച്ചറിവുണ്ടാക്കുന്ന കാലത്തെക്കുറിച്ച്, സർഗാത്മകമായ പകപോക്കലുകളെക്കുറിച്ച്, അതിർത്തിയില്ലാത്ത സ്നേഹാനുഭവങ്ങളെക്കുറിച്ച്, തെളിഞ്ഞ ആകാശത്തിൽ പറക്കാതിരിക്കാൻ കഴിയാത്ത കുട്ടികളെക്കുറിച്ച്... കൂടെ ഏതു ഋതുവിലും വിളയുന്ന ബുള്ളറ്റുകളെക്കുറിച്ചും, പകൽ ജോലിക്ക് പോവുകയും രാത്രി പശുക്കടത്ത് തടയാൻ റോഡിൽ നിലയുറപ്പിക്കുകയും ചെയ്യുന്ന വിദ്യാസമ്പന്നരായ രാജ്യ സ്നേഹികളെക്കുറിച്ചും, സ്വസ്ഥതയുടെ രണ്ട് സെന്റെങ്കിലും സ്വന്തമായില്ലാത്തവരെക്കുറിച്ചും അങ്ങനെ പലതിനെക്കുറിച്ചുമുണ്ട്.

നാമറിയാത്ത ലോകത്തിന് ഇത്രയധികം വലിപ്പമോ എന്നാശ്ചര്യപ്പെടുത്തി, തലകൾ പുറന്തോടുകൾക്ക് വെളിയിലിട്ട് ആമക്കാലുകളിലെങ്കിലും ചലിച്ചു തുടങ്ങാനുള്ള പ്രേരണയാണീ പുസ്തകം. അല്ലെങ്കിലും ശലഭമാകാതെ സ്വർഗവാതിലിൽ ചെന്നു മുട്ടുന്ന ശലഭപ്പുഴുക്കൾക്ക് നിരാശയല്ലാതെ മറ്റെന്താണ്!

1 Comments
comment author
sruthi

Posted on 2022-Mar-14

I like it.

Leave A Comments