thumb

അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍

അനാഥത്വം യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ്  ഓർഫനേജുകളിൽ എത്തിപ്പെട്ട ബാല്യങ്ങളുടെ കണ്ണീരും പുഞ്ചിരിയും ചേർന്ന 'കഥ'കൾ മേൽച്ചാർത്തുകളില്ലാതെയാണ് റസാഖ് കോറിയിട്ടിരിക്കുന്നത്. ഈ പുസ്തകം ഗ്രന്ഥകർത്താവിൻ്റെ മാത്രം ജീവിതമല്ല. ജെ.ഡി.റ്റിയിൽ 'വിധി' കൊണ്ടെത്തിച്ച ഒരുപാട് കുഞ്ഞു മനസ്സുകളുടെ ഹൃദയ നൊമ്പരങ്ങൾ കൂടിയാണ്. .

പ്രിയപ്പെട്ട റസാഖ് വഴിയോരം,

നടന്നു തീർത്ത ഒറ്റയടിപ്പാതകളുടെ ഓരം ചേർന്ന അനുഭവക്കാഴ്ചകൾ പകർത്തിയ "അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങളി"ലൂടെ തിരക്കുകൾക്കിടയിലും കണ്ണുകൾ പായിച്ചു. മാതാപിതാക്കൾ മരിച്ച് അനാഥരായവരും മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥമായ ബാല്യങ്ങളുമുണ്ടെന്ന പുറം ചട്ടയിലെ വാക്കുകൾ കണ്ണിൽ ഉടക്കി. പ്രസ്തുത ഗണത്തിൽ വരുന്നവരുടെ വേദനയും കണ്ണുനീരും വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നാണ് തോന്നുന്നത്. പറയപ്പെടാതെ പോയ അത്തരക്കാരെ ഓർമ്മിച്ചുള്ള തുടക്കം വായനക്കാരിൽ ജിജ്ഞാസ ജനിപ്പിക്കും.

അനാഥത്വം യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ്  ഓർഫനേജുകളിൽ എത്തിപ്പെട്ട ബാല്യങ്ങളുടെ കണ്ണീരും പുഞ്ചിരിയും ചേർന്ന 'കഥ'കൾ മേൽച്ചാർത്തുകളില്ലാതെയാണ് റസാഖ് കോറിയിട്ടിരിക്കുന്നത്. ഈ പുസ്തകം ഗ്രന്ഥകർത്താവിൻ്റെ മാത്രം ജീവിതമല്ല. ജെ.ഡി.റ്റിയിൽ 'വിധി' കൊണ്ടെത്തിച്ച ഒരുപാട് കുഞ്ഞു മനസ്സുകളുടെ ഹൃദയ നൊമ്പരങ്ങൾ കൂടിയാണ്. 
ജെ.ഡി.റ്റിയെ ഇന്ന് കാണുന്ന ജെ.ഡി.റ്റിയാക്കിയ ഹസ്സനാജി ഉൾപ്പടെ നിരവധി കഥാപാത്രങ്ങൾ രചനക്കിടയിൽ കടന്നു വരുന്നുണ്ട്.

മദ്രസ്സാ പഠനവും സ്കൂൾ കാലവും കോർത്തിണക്കിയാണ് കാഥികൻ തലക്കെട്ടുകളിൽ നിന്ന് തലക്കെട്ടുകളിലേക്ക് 'കഥാവഞ്ചി' തുഴയുന്നത്. ഉസ്താദുമാരും അദ്ധ്യാപകരും ഉമ്മയും ഉപ്പയും ഒരിക്കലും തമ്മിൽ കാണാത്ത സഹോദരൻ മജീദും കൂടപ്പിറപ്പുകളും ചോർന്നൊലിക്കുന്ന വീടും വിശപ്പിൻ്റെ വിളിയും സ്നേഹം പകരുന്ന മനുഷ്യരും യതീംഖാന അന്തേവാസികളും ഹോസ്റ്റൽ വാർഡൻമാരും ഡോക്ടറും ബാർബറും മീൻകാരനും കടൽതീരവും ദേവകിയമ്മയുടെ ചിരിയും ഗ്രാമീണ ഭംഗിയും നഗര സൗന്ദര്യവും പല പേജുകളിലായി പ്രത്യക്ഷപ്പെടുന്നത് പുസ്തകത്തെ ജീവസ്സുറ്റതാക്കുന്നു. 

'കഥയിലേക്ക് നടന്നുവന്ന വഴികൾ' എന്ന തലവാചകത്തിനു താഴെ അടുക്കിവെച്ച അക്ഷരക്കൂട്ടങ്ങളിൽ കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും അറബിക്കടലിനപ്പുറമുള്ള ഖത്തറിലെയും കലാ സാംസ്കാരിക സിനിമാ രംഗത്തുള്ള നിരവധി പേരുടെ മുഖങ്ങൾ മിന്നിമറയുന്നുണ്ട്. കൊടും ചൂടിൽ തണലേകിയവരെയും തൊണ്ട വരണ്ടപ്പോൾ ദാഹജലം പകർന്നവരെയും  നന്ദിപൂർവ്വം ഓർമ്മിച്ചാണ് "അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ" പത്തൊൻപത് അദ്ധ്യായങ്ങളിലൂടെ ഒഴുകി വായനയുടെ കടലിൽ ലയിച്ച് തീരുന്നത്.

ജീവിതവഴിയോരങ്ങളിൽ കണ്ട കാഴ്‌ചകൾ തനിമ ചോരാതെ കടലാസിലേക്ക് പകർത്തിയ റസാഖ് വഴിയോരത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ.

സസ്നേഹം

ഡോ:കെ.ടി.ജലീൽ

0 Comments
Leave A Comments