ആയതിനാൽ അവസാനത്തെ മനുഷ്യൻ ഒറ്റക്കാവില്ല, -
(അക്ഷരങ്ങളുടെ ഒരു മഖ്ബൂലിയൻ മാജിക് ) - ഷമീം ചൂനൂർ.
https://www.facebook.com/100001805402057/videos/5672426246160833/
കാട്ടിലൂടെ വായനയുടെ മലകയറിയ ഒരു പുസ്തകം. പുഴയിലൂടെ ഒഴുകി കുളിരണിഞ്ഞ അക്ഷരങ്ങൾ. ഏഴാനാകാശത്തിനുള്ളിലും വിരിഞ്ഞുനിൽക്കുന്ന മഴവില്ലിനെ പറ്റി പറയുന്ന വാക്കുകൾ. വായിക്കാൻ പുതിയ കണ്ണും കാഴ്ചകളും തന്നെ ഒരു എഴുത്തുകാരൻ. പൊരിവെയിലത്തും പാതിരാത്രിയിലും പേടിയില്ലാതെ ഒറ്റക്ക് നിന്നവരുടെ കഥ കേൾക്കാം ഇതിൽ. തെളിഞ്ഞ അറിവാകാശങ്ങളിൽ പറക്കാൻ പഠിപ്പിച്ചു തരുന്നുണ്ട് ഈ പുസ്തകം. നമ്മുടെ ജീവിതത്തിൽ മണ്ടി പാഞ്ഞുകൊണ്ടിരിക്കുന്ന അനുഭവങ്ങളോട് മിണ്ടി പറഞ്ഞിരിക്കുന്ന ഒരു പുസ്തകമാണിത്. സോഷ്യൽ മീഡിയകൾ പടക്കുന്ന ശബ്ദമലിനീകരണത്തെയും വെറുപ്പുൽപാദനത്തെയും അടുത്തിരിക്കുന്നവരിലേക്ക് ദുർഗന്ധം വമിക്കുന്ന ജന്തുവിനോടാണ് ഇതിൽ ഉപമിക്കുന്നത്.
പുസ്തകത്തിലൂടെ ഒഴുകിയെത്തുന്ന കടലിനെ കാണാം. മഴ കൊണ്ട കഥകളെക്കുറിച്ച് കേൾക്കാം. പ്രളയത്തിൽ അവസാന ശ്വാസം വരെ വീടു കാത്ത തകഴി പറഞ്ഞു തന്ന പട്ടിയുടെ കഥ കേൾക്കാം. അക്ഷരങ്ങളിലൂടെ യാത്രപോയ എട്ടാമിന്ദ്രിയത്തെ പറ്റി അറിയാം. സൂര്യന് കുറുകെ പറക്കുന്ന കടൽ പക്ഷിയെ കാണാം.നമ്മെ നമ്മുടെ വലുപ്പത്തിന്റെ ചെറുപ്പം ബോധ്യപ്പെടുത്താം. ആൾക്കൂട്ടം കൊന്നു തള്ളിയ മനുഷ്യരെ മാത്രം അടക്കം ചെയ്ത, ആരും വന്ന് നോക്കാനില്ലാത്ത ശ്മശാനത്തിനരികിൽ ചെന്നിരിക്കാം. ഘടികാരം തന്ന് സമയം മോഷ്ടിച്ച സ്വേച്ഛാധിപതികളുടെ ക്രൂരതകൾ കാണാം, ഇതിൽ യുദ്ധം നക്കിയെടുത്ത നാടുകളെ കുറിച്ചറിയാം.നുണപ്പുറത്ത് കേറി രാജാക്കന്മാരായവരെ പറ്റി പറയുന്നൊരു പുസ്തകമാണിത്. എന്റെ മകനെ നിങ്ങൾ എന്തു ചെയ്തു എന്ന നനഞ്ഞ കണ്ണുകളുടെ നിലക്കാത്ത നിലവിളികൾ കേൾക്കാം. ഇങ്ങനെ ആ കണ്ണാടിയിൽ ഉണ്ട്, ഞാനും എൻറെ കണ്ണീരും എന്ന് ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു പുസ്തകമാണിത്.
ഏതാണ് ഈ പുസ്തകം എന്നായിരിക്കും നിങ്ങളുടെ ചോദ്യം. ഒരാൾ പുസ്തകം വായിച്ച് പുസ്തകം വായിച്ച് പുസ്തകം ആയി മാറിയ ഒരു പുസ്തകത്തിൻറെ കഥയാണിത്. പുസ്തകങ്ങളുടെ ഭൂമിയെ കുറിച്ചൊരു പുസ്തകം. ആയതിനാൽ അവസാനത്തെ മനുഷ്യൻ ഒറ്റക്കാവില്ല എന്ന മെഹദ് മഖ്ബൂലിന്റെ ഏറ്റവും പുതിയ പുസ്തകത്തെ പറ്റിയാണ് ഞാൻ പറഞ്ഞത്. ഇന്നലെയാണ് പുസ്തകം കയ്യിൽ കിട്ടിയത്.. കിട്ടിയ ഉടനെതന്നെ വായന തുടങ്ങി. അത് ആ മനുഷ്യനോടുള്ള മുഹബ്ബത്ത് കൊണ്ടാകാം ഒറ്റരാത്രികൊണ്ട് തന്നെ വായിച്ചു തീർക്കുകയായിരുന്നു. കാടുകയറിയ വായനാനുഭവമാിരുന്നു അത്. ഒരിക്കൽ സ്വർഗ്ഗത്തിലെ വാതിലിൽ മുട്ടിയ ശലഭപുഴുവിനെ പറ്റി പറഞ്ഞു പറഞ്ഞു നമ്മെ ചിത്രശലഭം ആക്കി സ്വർഗ്ഗത്തിലേക്ക് പറത്തുന്ന മായാജാലം ആണ് ഈ പുസ്തകം
ഇലകളിൽ ചോരുന്ന ആകാശം എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞു കൊണ്ടാണ് ഈ പുസ്തകം തുടങ്ങുന്നത്. വായിക്കുന്നവന്റെ ആകാശത്തിന് മാത്രം വ്യാപ്തിയും വലുപ്പവും കാണും.അല്ലാത്തവന് അവൻറെ മേൽ കൂരതന്നെയാണ് ഏഴാനാകാശം എന്നതാണ് ഈ പുസ്തകത്തിന്റെ സൂത്രവാക്യം. വായിക്കുവാൻ സമയം കിട്ടാത്തവൻ ബുദ്ധിപരമായ ആത്മഹത്യ ചെയ്യുന്നു എന്നോർമ്മപ്പെടുത്തി കൊണ്ടാണ് പുസ്തകം മുന്നോട്ട് പോവുന്നത്. മഖ്ബൂല് പറഞ്ഞത് തന്നെയാണ് ശരി. മുതിർന്നവർ പറഞ്ഞു പറ്റിച്ച കഥ മതി എന്ന രാജാവിനെയും മക്കളുടെയും കഥ കേട്ട് സഹിക്കാൻ കഴിയാതെയാണ് എനിക്കും കഥ വായിക്കുവാൻ വാശി കൂടിയത്. കഥയിൽ ചോദ്യമില്ല എന്നുള്ള പഴഞ്ചൊല്ലും ഇതിൽ മാറ്റിയെഴുതുന്നുണ്ട്.. ഏകാധിപത്യ ജനാധിപത്യം എന്ന പുതിയ രീതിയെ പറ്റി പറഞ്ഞ എൻ പി മുഹമ്മദിന്റെ മൂർച്ചയുള്ള ഹാസ്യം എങ്ങനെയാണ് ഫാസിസത്തെ തേച്ചൊട്ടിക്കുന്നത് എന്ന് നമുക്ക് നോക്കി നിൽക്കാം ഈ പുസ്തകത്തിൽ. ഭരണം ഒരു ജന്തുവും മനുഷ്യൻ അതിൻറെ ഇരകളുമായിത്തീരും എന്ന് പറഞ്ഞ വിജയൻ മാഷിൻറെ വാക്കുകൾക്ക് ഈ കാലത്ത് എത്ര തൂക്കം കാണും എന്ന് നമുക്ക് നോക്കിക്കാണാം.
ഈ പുസ്തകത്തിൻറെ പ്രത്യേകത എന്താണെന്ന് ഒറ്റവാക്കിൽ പറയാൻ പറഞ്ഞാൽ ഞാൻ പറയുക ഇങ്ങനെയാണ്. ഈ ഒരു ഒറ്റ പുസ്തകം വായിച്ചാൽ ഒരായിരം പുസ്തകം നിങ്ങൾക്ക് വായിക്കാം. ഒരായിരം എഴുത്തുകാരെ നിങ്ങൾക്ക് കാണാൻ പറ്റും. തകഴി, വൈക്കം മുഹമ്മദ് ബഷീർ, എം.ൻ. വിജയൻ, ഒ.വി. വിജയൻ, എൻ.പി മുഹമ്മദ്, കമലാ സുരയ്യ, ടി വി കൊച്ചുബാവ, കെഇഎൻ, അരുന്ധതിറോയ്, പി കെ പാറക്കടവ്, ഡാൻ ബ്രൗൺ, സുഭാഷ് ചന്ദ്രൻ, അർഷദ് ബത്തേരി, എം മുകുന്ദൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്... ഇങ്ങനെ നൂറായിരം എഴുത്തുകാരെ നമ്മുടെ വായന മുറിയിലേക്ക് ഈ പുസ്തകം എത്തിക്കുന്നു. അക്ഷരങ്ങളുടെ ഒരു മഖ്ബൂലിയൻ മാജിക് എന്ന് നമുക്ക് പുസ്തകത്തെ പറ്റി ഒറ്റവാക്കിൽ പറയാം. വായന കഴിഞ്ഞപ്പോൾ എനിക്കും ഈ ലോകത്ത് ഏറ്റവും വലിയ അസൂയ തോന്നിയത് ഭൂമിയിലെ അവസാനത്തെ മനുഷ്യനോടാണ്. കാരണം, അത്രയും കാലം എഴുതിയ പുസ്തകങ്ങൾ എല്ലാം ആ മനുഷ്യന് കൂട്ടായിട്ട് ഉണ്ടാകുമല്ലോ.
നന്ദി, എഴുത്തുകൊണ്ട് കയർക്കുകയും കലഹിക്കുകയും ചെയ്ത എന്റെ പ്രിയപ്പെട്ടവരെ മുഴുവൻ ഒറ്റ പുസ്തകത്തിൽ നിറച്ചു തന്നതിന്...
പുസ്തകം - ആയതിനാൽ അവസാനത്തെ മനുഷ്യൻ ഒറ്റക്കാവില്ല
മെഹദ് മഖ്ബൂൽ
പ്രസാധനം - കൂര ബുക്സ്
വില - 100
ആദ്യ പതിപ്പ് - 2021 ജൂൺ
0 Comments